ഒരിക്കൽ ഒരു പണക്കാരൻ ഒരു അത്യാധുനിക ആശുപത്രി പണിതു. വിലകൂടിയ വസ്തുക്കൾ ഉപയോഗിച്ചു നിർമിച്ച ആ ആശുപത്രിയിൽ വിദേശ നിർമ്മിത യന്ത്രങ്ങളും, അമൂല്യമായ ജീവൻരക്ഷ സംവിധാനങ്ങളും അദ്ദേഹം ക്രമികരിച്ചു. അതിനോടൊപ്പം, അതിവിദഗ്ധരായ വൈദ്യൻമാരെ ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നും തന്റെ ആശുപത്രിയിലേക്കു നിയമിച്ചു. എല്ലാ രീതിയിലും പ്രവർത്തനക്ഷമമായ ആ ആശുപത്രിയുടെ ഉത്ഘാടനദിനത്തിൽ അദ്ദേഹം വൈദ്യന്മാരെ രഹസ്യമായി വിളിച്ചിട്ട് പറഞ്ഞു, "കോടികൾ മുടക്കി ആണ് ഞാൻ ഈ ആശുപത്രി പണിതത്. ഇതിന്റെ തറയിൽ ഇട്ടിരിക്കുന്ന ടൈൽസും, ചുമരിൽ അടിച്ചിരിക്കുന്ന പെയിന്റും വളരെ വില കൂടിയതാണ്. അതുകൊണ്ട് ചോര ഒലിപ്പിച്ചു വരുന്നവരെയും, മുറിവേറ്റവരെയും ഇവിടെ ചികിത്സിക്കേണ്ട. അവർ നമ്മുടെ ആശുപത്രി വൃത്തികേട് ആക്കും." ഇത് കേട്ട മുതിർന്ന ഒരു വൈദ്യൻ അദ്ദേഹത്തോട് ചോദിച്ചു, "മുറിവേറ്റവരെയും, രക്തക്കറയുള്ളവരെയും ശുശ്രുഷിച്ചില്ലെങ്കിൽ ഇതെങ്ങനെ ആശുപത്രി ആവും?"
ജഡത്താൽ കറ പിടിച്ച അങ്കിപോലും പകെച്ചുകൊണ്ടു ചിലർക്ക് ഭയത്തോടെ കരുണ കാണിക്കുവിൻ (യൂദാ 1 :23 ). എന്നാൽ, പിശാച് ആ അങ്കി ധരിപ്പിച്ചവരെ നമ്മുടെ ഭിത്തികൾക്ക് പുച്ഛം ആണെങ്കിൽ നാം എങ്ങനെ സഭ ആകും? ഒരിക്കൽ അതേ അങ്കിയും ധരിച്ചു നാം നിന്നപ്പോ, നമ്മെ ആട്ടി ഓടിക്കാതെ, മാർവോടു ചേർത്ത് നിർത്തിയ യേശുവിൻ സ്നേഹത്തെ നമ്മൾക്കും പ്രകടമാക്കാം. നമ്മുടെ ചുമരുകൾ കാരുണ്യത്തിന്റെയും, അനുകമ്പയുടെയും ചുമരുകൾ ആവട്ടെ.